2036-ലെ ഒളിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. രാജ്യത്തെ കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് ഇതിനായി കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മെഡൽ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഏകദേശം 3,000 കായികതാരങ്ങൾക്ക് പ്രതിമാസം 50,000 രൂപ സ്റ്റൈപ്പൻഡ് നൽകുന്ന പദ്ധതി നടപ്പിലാക്കും. കഴിഞ്ഞ പത്ത് വർഷത്തിനിടെ നരേന്ദ്ര മോദി സർക്കാരിൻ്റെ കീഴിൽ കായിക ബജറ്റ് അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചത് കായിക മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ അലബാമയിലെ ബർമിംഗ്ഹാമിൽ നടന്ന 21-ാമത് ലോക പോലീസ് ആൻഡ് ഫയർ ഗെയിംസ് – 2025-ൽ മെഡൽ നേടിയ 613 പേരെ ആദരിക്കുന്ന ചടങ്ങിലാണ് അമിത് ഷാ ഈ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. ഇന്ത്യൻ പോലീസ്, ഫയർ സർവീസസ് ടീമിൻ്റെ മികച്ച പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യൻ ടീമിന് 4.4 കോടി രൂപയുടെ ഇൻസെൻ്റീവ് പ്രഖ്യാപിക്കുകയും ചെയ്തു. കായികതാരങ്ങൾ മെഡൽ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, എന്നാൽ പങ്കാളിത്തമാണ് പരമപ്രധാനമെന്നും വിജയവും പരാജയവും ജീവിതത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടുത്ത ലോക പോലീസ് ആൻഡ് ഫയർ ഗെയിംസ് ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, കെവാഡിയ എന്നിവിടങ്ങളിൽ നടക്കും.