ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിൽ എത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് ദുബായ് കിരീടാവകാശിയെ ഭാരതം വരവേറ്റത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് ഹംദാൻ നടത്തിയ കൂടിക്കാഴ്ച്ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി ഷെയ്ഖ് ഹംദാൻ മുംബൈയിൽ ചർച്ച നടത്തും. മുംബൈയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ദുബായിൽ നിന്നുള്ള മറ്റ് മന്ത്രിമാരും വ്യവസായ പ്രമുഖരും സർക്കാരിന്റെ ഉന്നതതല സംഘവും ഷെയ്ഖ് ഹംദാനൊപ്പമുണ്ടാകും.