By മുരളി തുമ്മാരുകുടി
ഓരോ അപകടം ഉണ്ടാകുമ്പോഴും ചാനലിൽ വിദഗ്ദ്ധന്മാർ വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പലപ്പോഴും ഒരേ ആളുകളാണ്, ദുരന്തം അനുസരിച്ച് വൈദഗ്ദ്ധ്യം മാറും എന്ന് മാത്രം.
ഇന്നലെ കടൽത്തീരത്ത് ഒരു വിദഗ്ദ്ധന്റെ ഇന്റർവ്യൂ കണ്ടു. യൂണിവേഴ്സിറ്റിയിലെ വകുപ്പ് മേധാവി ആണെന്നാണ് പറഞ്ഞത്. കപ്പൽ അപകടം ഉണ്ടായ സാഹചര്യത്തിൽ ആലപ്പുഴ മുതൽ തെക്കോട്ടുള്ള തീരപ്രദേശങ്ങളിൽ അദ്ദേഹം നിരീക്ഷണം നടത്തുകയാണ്. ഗവേഷകർ ഫീൽഡിൽ ഇറങ്ങുന്നത് നല്ല കാര്യമാണ്.
കുഴപ്പം അതല്ല, കടൽത്തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് നർഡിൽസ് എടുത്ത് കയ്യിൽ വെച്ചുകൊണ്ട് അത് കാൽസ്യം കാർബൈഡ് ആണെന്ന് അദ്ദേഹം ചാനലുകാരോട് പ്രഖ്യാപിക്കുന്നു. പിന്നീട് കാൽസ്യം കാർബൈഡിനെ പറ്റിയുള്ള വിവരങ്ങളും അതിന്റെ അപകടത്തെ കുറിച്ചുമാണ് പറയുന്നത്. കാൽസ്യം കാർബൈഡ് തീർച്ചയായും അദ്ദേഹം കണ്ടിട്ടില്ല. വായിച്ചു നോക്കിയിട്ടുള്ള അറിവാണ്, അത് തന്നെ വേണ്ടത്ര ചിന്തിച്ചിട്ടില്ല.
കാൽസ്യം കാർബൈഡ് എങ്ങനെയാണ് സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് എന്നതിലും അദ്ദേഹത്തിന് വേണ്ടത്ര അറിവുള്ള മട്ടില്ല. അല്ലെങ്കിൽ കാൽസ്യം കാർബൈഡ് എന്ന് വിശ്വസിക്കുന്ന വസ്തു കയ്യിൽ എടുത്ത് വക്കില്ലല്ലോ. (കയ്യിൽ എടുക്കുന്നത് തന്നെ ചൊറിച്ചിൽ ഉണ്ടാക്കാം, നനഞ്ഞ കയ്യാണെങ്കിൽ അപകടവും ആണ്).
ജലവുമായി ചേർന്നാൽ അതിവേഗത്തിൽ റിയാക്ട് ചെയ്ത് അസെറ്റിലിനും കാൽസ്യം ഹൈഡ്രോക്സൈഡും ആകുന്ന കാൽസ്യം കാർബൈഡ് ഏറെ സമയം കടലിലെ വെള്ളത്തിൽ കിടന്നിട്ടും എങ്ങനെയാണ് തരിയായി കരയ്ക്കെത്തുന്നതെന്ന് അദ്ദേഹം ചിന്തിക്കുന്നില്ല.
ഇങ്ങനെയുള്ള ആളുകൾ യൂണിവേഴ്സിറ്റിയിൽ വകുപ്പ് മേധാവിയായി ഇരിക്കുന്നതാണ് നല്ലത്. ഫയലുകളോടും മറ്റും യുദ്ധം ചെയ്യാമല്ലോ. ക്ലാസ്റൂമിൽ പോയി ഇത്തരം അറിവുകൾ കുട്ടികൾക്ക് പകർന്നുനൽകുന്നതും ബീച്ചിൽ പോയി ചാനലുകൾ വഴി നാട്ടുകാരിൽ എത്തിക്കുന്നതുമാണ് കുഴപ്പമുണ്ടാക്കുന്നത്.
തുറന്ന കണ്ടെയ്‌നറുകളും പ്ലാസ്റ്റിക്ക് തരികളും ഇപ്പോൾത്തന്നെ കരയിൽ എത്തുന്നുണ്ട്. ഇനി വരുന്ന ദിവസങ്ങളിലും കടൽത്തീരത്ത് കണ്ടെയ്‌നറുകളും ഡ്രമ്മുകളും തീർച്ചയായും വന്നടിയും.
ഇവയൊക്കെ കൈകാര്യം ചെയ്യാൻ പ്രോട്ടോക്കോൾ ഉണ്ടാക്കാൻ പറ്റും. പക്ഷെ എങ്ങനെയാണ് ഏതു ദുരന്തത്തിലും എത്തിപ്പറ്റുന്ന ‘ഉടൻ വിദഗ്ദ്ധരെ’ കൈകാര്യം ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാക്കാൻ പറ്റുന്നത്?
Disclaimer:
Opinion വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അതത് രചയിതാക്കളുടെ മാത്രം അഭിപ്രായങ്ങളാണ്. അവ നവവാണി.കോമിന്റെയോ മാനേജ്മെന്റിന്റെയോ കാഴ്ചപ്പാടുകളെയോ നിലപാടുകളെയോ എഡിറ്റോറിയൽ നയങ്ങളെയോ പ്രതിഫലിപ്പിക്കുന്നതല്ല. വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് വേദി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഈ ലേഖനങ്ങളിൽ അവതരിപ്പിക്കുന്ന അഭിപ്രായങ്ങളെ അംഗീകരിക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നതല്ല.