Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

ഈ പോസ്റ്റ് ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിക്കുന്ന കേരളത്തിലെ ബിജെപി പ്രവർത്തകരെ കുറിച്ചാണ്.

jithin-jacob

By ജിതിൻ ജേക്കബ്

കേരളത്തിൽ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ പോയതിന്റെയും വോട്ട് വിഹിതം കുറഞ്ഞതിന്റെയും ചർച്ചകളും പരിഹാസങ്ങളും ഒക്കെയാണല്ലോ എങ്ങും. അതിന്റെ സംഘടനാപരമായ പോരായ്മകളെ കുറിച്ചൊന്നും എനിക്കറിയില്ല. അതിന്റെ കാരണങ്ങൾ എന്തെന്ന് കണ്ടെത്തലും അല്ല ലക്ഷ്യം.

ഈ പോസ്റ്റ് ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിക്കുന്ന കേരളത്തിലെ ബിജെപി പ്രവർത്തകരെ കുറിച്ചാണ്.

സിപിഎം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തകർ ഉള്ള രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയാണ്. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് എന്തുകണ്ടിട്ടാണ് ഇവർ ബിജെപിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങി പ്രവർത്തിക്കുന്നത് എന്ന്. ഇടത്പക്ഷ രാഷ്ട്രീയമാണ് കേരളത്തിൽ പണ്ടുമുതലേ ഉള്ളത്. സിപിഎം ആണെങ്കിലും കോൺഗ്രസ് ആണെങ്കിലും എല്ലാം ലോകം മുഴുവൻ തള്ളിക്കളഞ്ഞ ഇടത് ചിന്താഗതിയാണ്. അത് കേരള സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു.

സിപിഎമ്മിലും മറ്റും പ്രവർത്തിക്കുന്നവർക്ക് നിരവധി നേട്ടങ്ങളുണ്ട്. പാർട്ടിയുടെ പിന്തുണകൊണ്ടായിരിക്കും അവന് ജോലി അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും ജോലി ലഭിക്കുന്നത്, സർക്കാർ ആനുകൂല്യങ്ങൾ, വീട്, ശുചിമുറി, പെൻഷൻ തുടങ്ങി വിവിധ സർക്കാർ പദ്ധതികളുടെ നേട്ടങ്ങൾ ആദ്യം എത്തുന്നത് പാർട്ടി കുടുംബങ്ങളിലും അനുഭാവികളിലും ആണ്. എന്തെങ്കിലും കേസും കാര്യങ്ങളും വന്നാൽ പോലും അതെല്ലാം പാർട്ടി നോക്കിക്കൊള്ളും. ഇനിയിപ്പോൾ വായ്പ്പയോ മറ്റോ വേണമെങ്കിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ ഉണ്ട്.

കോൺഗ്രസുകാരുടെ പൊതുപ്രവർത്തനം എന്നത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് കൂടുതലും. അതുതന്നെയുമല്ല സിപിഎം മേഖലകളുടെ ഏഴയലത്ത് കോൺഗ്രെസ്സുകാർ പോകാറുമില്ല. കണ്ണൂരിൽ അക്രമം നടന്നു എന്ന് കേട്ടാൽ ആലപ്പുഴയിലെ കോൺഗ്രെസ്സുകാർ വരെ ഒളിവിൽ പോകും. സിപിഎം വിരുദ്ധ വോട്ടുകൾ കൊണ്ടാണ് കോൺഗ്രസ് എന്നും അധികാരം പിടിച്ചിട്ടുള്ളത്, അല്ലാതെ പ്രവർത്തന മികവ് കൊണ്ടല്ല.

ബിജെപി പ്രവർത്തകരുടെ കാര്യം എടുത്താൽ കേരളത്തിൽ ഭരണം പോയിട്ട് 15% വോട്ട് പോലുമില്ല. കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് പ്രവർത്തന സ്വാതന്ത്ര്യം എന്നൊന്നില്ല. ബിജെപി അനുകൂലി ആണെന്ന് കണ്ടാൽ പിന്നെ അവന്റെ കാര്യം പോക്കാണ്. ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥിയും സുഹൃത്തുമായ പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോൾ അവിടുത്തെ പ്രവർത്തകർ പറഞ്ഞതാണ് ‘ ഇവിടെ ധാരാളം ബിജെപി അനുകൂലികൾ ഉണ്ട്. പക്ഷെ പ്രവർത്തിക്കാൻ ആരും വരില്ല. നോട്ടപുള്ളിയായാൽ തീർന്നു. അവന്റെ വീട്ടിലേക്കുള്ള റോഡ് വരെ കുത്തിപൊളിച്ചിടും, കറൻറ് കട്ട് ചെയ്യും, സർക്കാർ വക അർഹതപ്പെട്ട ഒരു ആനുകൂല്യവും ലഭിക്കില്ല. തൊഴിലുറപ്പ് പോലുള്ള ജോലികളിൽ നിന്ന് ഒഴിവാക്കും, പരാതി കൊടുത്താൽ ആരും തിരിഞ്ഞു നോക്കില്ല.

ഇനിയിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാലോ? സൈബർ ബുള്ളിയിങ്ങ് ആയിരിക്കും ഫലം. വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിടില്ല. പല സ്ഥലങ്ങളിലും ഊരുവിലക്ക് പോലും ഉണ്ടായിട്ടുണ്ട്. ഒരു സ്ഥാപനം ഉണ്ടെങ്കിലോ ബഹിഷ്ക്കരിക്കണം ആകും ഉണ്ടാകുക. ശാരീരികമായ ആക്രമണം വേറെ. ഇതൊന്നുകൊണ്ടും പറ്റിയില്ലെങ്കിൽ കുറെ കേസുകൾ തലയിൽ കെട്ടി വെച്ച് കൊടുക്കും. ഭരണം ഉള്ളത്കൊണ്ട് അതല്ലാം വളരെ എളുപ്പം സാധിക്കുമല്ലോ.

ബിജെപിക്കാരെ ദ്രോഹിക്കുന്നത് കണ്ടാലോ കേരളത്തിലെ മാധ്യമങ്ങൾ വാർത്ത കൊടുക്കുക ‘ബിജെപിക്കാരെ തല്ലി ഓടിച്ചു’ എന്നായിരിക്കും. അതാണ് അവരുടെ നിലവാരം.

ഇത്രയും ഒക്കെ പ്രതിസന്ധികൾ തരണം ചെയ്തു പ്രവർത്തിച്ചാലോ, സ്വന്തം കുടുംബത്തിന് ഒരു നേട്ടവും ഉണ്ടാവുകയുമില്ല മറിച്ച് കോട്ടം മാത്രമായിരിക്കും സംഭവിക്കുകയും.

ഇന്നലെ ഒരു യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞതാണ് ‘ഇപ്പോൾ ഫത്വ പുറപ്പെടുവിക്കൽ ആണത്രെ. ഒരു സംഭവം ഉണ്ടായാൽ അതിനെതിരെ കേന്ദ്ര സർക്കാരിനെതിരെ പ്രതികരിച്ചിരിക്കണം പോലും. അല്ലെങ്കിൽ സംഘിയാക്കുമത്രേ. ഹിന്ദു നാമധാരി ആണെങ്കിൽ പറയുകയും വേണ്ട. പിന്നെ വർഗീയവാദി പട്ടം ചാർത്തി കൊടുക്കലാണ്. ഇക്കൂട്ടർക്കെതിരെ പ്രതികരിച്ചാലോ പിന്നെ വേട്ടയാടലാണ്. എല്ലാ സ്ഥലത്ത് നിന്നും എട്ടിന്റെ പണികൾ ആകും വരുന്നത്. പിടിച്ചു നില്ക്കാൻ വേണ്ടി പലരും ഇവർക്കൊപ്പം നിൽക്കുന്നു.

ഇനി സർവീസ് സംഘടനകളിൽ പെട്ടവരുടെ അവസ്ഥയാണ് അതിലും ദയനീയം. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽ പറയുകയേ വേണ്ട. അവന്റെ കരിയർ മുഴുവൻ വേട്ടയാടും, സർവീസ് കാലയളവിന്റെ നല്ലൊരു പങ്കും വിദൂര ഗ്രാമങ്ങളിൽ ആയിരിക്കും പോസ്റ്റിങ്ങ്, പെൻഷൻ പോലും തടഞ്ഞുവെക്കും. അപ്പോൾ ചോദിക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ദേശീയവാദികൾ സുരക്ഷിതരാണോ എന്ന്. അതാണ് ഭൂലോക കോമഡി, പറയുമ്പോൾ കേന്ദ്ര സർക്കാർ സ്ഥാപനം ഒക്കെയാണ്, പക്ഷെ അവിടുത്തെ ജീവനക്കാരുടെ ട്രാൻസ്ഫർ പോലും തീരുമാനിക്കുന്നത് കമ്മി പാർട്ടി ഓഫീസിൽ നിന്നാണ്. ബാക്കി പറയേണ്ടല്ലോ.

പക്ഷെ ഇതൊക്കെ അതിജീവിക്കുന്ന നിരവധി ആളുകളുണ്ട്. എത്രയൊക്കെ ഇവർ വേട്ടയാടിയാലും സ്വന്തമായി പ്രതിരോധം തീർക്കുക അല്ലാതെ വേറൊന്നും അവർക്ക് ചെയ്യാൻ കഴിയില്ല. ബിജെപിയുടെ സംഘടനാപരമായ പ്രതിരോധമൊക്കെ ദയനീയം ആണ്.

ഇത്രയൂം വേട്ടയാടലുകളും, ഒറ്റപെടുത്തലുകളും, പരിഹാസങ്ങളും, ഭീഷണിയും, അവഗണനയും, ആക്രമണവും എല്ലാം ഉണ്ടായിട്ടും അവർ ബിജെപി ഉയർത്തുന്ന ദേശീയതയിൽ വിശ്വസിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നു എങ്കിൽ അവരാണ് യഥാർത്ഥ ഹീറോകൾ.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും തോൽവികൾ ആയിരിക്കും കാത്തിരിക്കുക. പക്ഷെ അതറിഞ്ഞിട്ടും അവർ ഒന്നും പകരം പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്നു. നാളെ ഒരിക്കൽ അവരുടെ പ്രയത്നത്തിന് ഫലം ഉണ്ടാകുമോ ഇല്ലയോ എന്ന ഒരുറപ്പും അവർക്കില്ല. അവരുടെ ജീവിതകാലയളവിൽ ചിലപ്പോൾ സാധിച്ചില്ല എന്ന് വരും, പക്ഷെ അവർ അവസാനം വരെ പ്രവർത്തിച്ചുകൊണ്ടേയിരിക്കും.

പാർട്ടി ഗ്രാമങ്ങളിലൊക്കെ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മധൈര്യത്തെ എത്ര സ്തുതിച്ചാലും മതിയാകില്ല. അവർക്ക് നഷ്ടങ്ങൾ മാത്രമാണ്, എന്നിട്ടും ആശയത്തെ മുൻനിർത്തി അവർ പ്രവർത്തിക്കുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ തിരികെ വീട്ടിൽ ചെന്നെത്തുമോ എന്നുപോലും ഉറപ്പില്ലാതെയാണ് വീടുകളിൽ നിന്ന് പ്രവർത്തനത്തിനായി ഇറങ്ങുന്നത്. ഒരുദിവസം ജോലിയില്ലെങ്കിൽ കുടുംബം പട്ടിണിയിൽ ആകും. ആരും സഹായിക്കാനില്ല, ഒരു സഹകരണ ബാങ്കിൽ നിന്നും ലോൺ പോലും കിട്ടില്ല. പലരും ജോലിയിൽ നിന്ന് കിട്ടുന്നത് മിച്ചം പിടിച്ച പണം കൊണ്ടാണ് പോസ്റ്ററുകൾ എഴുതി ഒട്ടിക്കുന്നത് പോലും.

പക്ഷെ അവർ തളരില്ല, അവരുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും. അതിപ്പോൾ 140 സീറ്റ് കിട്ടിയാലും, പൂജ്യം സീറ്റ് കിട്ടിയാലും അങ്ങനെ തന്നെയാണ്. നാളെ നരേന്ദ്രമോദിയോട് അദ്ദേഹത്തിന്റെ മാതൃ സംഘടന പ്രധാനമന്ത്രി പദം രാജിവെച്ച് മറ്റേതെങ്കിലും മേഖലയിൽ പ്രവർത്തിക്കണം എന്നാവശ്യപ്പെട്ടാൽ ഒരു മടിയും കൂടാതെ തന്നെ ഏൽപ്പിച്ച പുതിയ ജോലി ഭംഗിയായി ചെയ്യാൻ അദ്ദേഹം ആ വഴിക്ക് നടക്കും. അതാണ് അവരെ വ്യത്യസ്തരാകുന്നത്. ഒരുപക്ഷെ ആ സമീപനം തന്നെയാണ് ഈ പ്രവർത്തകരെ ഇത്രയും ശക്തരാക്കി നിർത്തുന്നതും.

മടുത്തു പോകാൻ ആണെങ്കിൽ അതിനെ നേരം കാണൂ. പക്ഷെ അതിനെയൊക്കെ അതിജീവിക്കാനുള്ള ഒരു

കഴിവ് അല്ലെങ്കിൽ അനുഗ്രഹം അവർക്കുണ്ട്. അതാണ് ഇത്രയും വേട്ടയാടലുകൾക്കിടയിലും, പരിഹാസങ്ങൾക്കിടയിലും അതെ, ഞങ്ങൾ ബിജെപി പ്രവർത്തകരാണ് അല്ലെങ്കിൽ സ്വയം സേവകരാണ് എന്ന് പറയാൻ അവർക്ക് സാധിക്കുന്നത്. അവർക്ക് ആ ഒരു ശക്തി ഉള്ളകാലത്തോളം ഇന്ത്യ ഒറ്റകെട്ടായി നിലനിൽക്കുകയും ചെയ്യും.

ഇന്നലെ ദുബായിയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞത് ‘RSS ഉള്ളതാണ് ഇന്ത്യയെ ഇങ്ങനെ നിലനിർത്തുന്നത്, അല്ലായിരുന്നു എങ്കിൽ പണ്ടേ പലപല കഷ്ണങ്ങളാക്കി ഇവർ വീതിച്ചെടുത്തേനേ’ എന്ന്.

നാടിൻറെ ഭാവിയെ കുറിച്ചോർക്കുമ്പോൾ അത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസവും.



Disclaimer:

Opinion വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അതത് രചയിതാക്കളുടെ മാത്രം അഭിപ്രായങ്ങളാണ്. അവ നവവാണി.കോമിന്റെയോ മാനേജ്മെന്റിന്റെയോ കാഴ്ചപ്പാടുകളെയോ നിലപാടുകളെയോ എഡിറ്റോറിയൽ നയങ്ങളെയോ പ്രതിഫലിപ്പിക്കുന്നതല്ല. വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് വേദി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഈ ലേഖനങ്ങളിൽ അവതരിപ്പിക്കുന്ന അഭിപ്രായങ്ങളെ അംഗീകരിക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നതല്ല.