പ്രമുഖ വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അന്തരിച്ചു. 53 വയസ്സായിരുന്നു. ഇംഗ്ലണ്ടിൽ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. അദ്ദേഹത്തിന്റെ യു.എസ് പൗരത്വവുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾ കാരണം സംസ്കാരം വൈകാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ലഭ്യമായ വിവരങ്ങൾ പ്രകാരം, പോളോ മത്സരത്തിനിടെ സഞ്ജയ് കപൂർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര നടപടിക്രമങ്ങളും മറ്റ് രേഖാപരമായ കാര്യങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ഡൽഹിയിലെത്തിക്കുമെന്നും അവിടെവെച്ച് സംസ്കാരം നടക്കുമെന്നും അദ്ദേഹത്തിന്റെ ഭാര്യാപിതാവ് അശോക് സച്ച്‌ദേവ് സ്ഥിരീകരിച്ചു.
സോനാ ഗ്രൂപ്പ് സ്ഥാപകൻ ഡോ. സുരേന്ദ്ര കപൂറിന്റെ മകനാണ് സഞ്ജയ് കപൂർ. 2003-ൽ കരിഷ്മ കപൂറുമായി വിവാഹിതനായ അദ്ദേഹം 2016-ൽ ബന്ധം വേർപെടുത്തി. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. പിന്നീട് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിക്കുകയായിരുന്നു. അഹമ്മദാബാദിൽ അടുത്തിടെയുണ്ടായ വിമാന അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് സഞ്ജയ് കപൂർ ട്വീറ്റ് ചെയ്തിരുന്നു.
വിദേശത്ത് നടക്കുന്ന മരണങ്ങളിൽ യു.എസ് പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ചില നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി മൃതദേഹം ഡൽഹിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.