ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇനിമുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കും. സുതാര്യത ഉറപ്പാക്കുകയും ടിക്കറ്റുകളുടെ ദുരുപയോഗം തടയുകയുമാണ് ഈ പുതിയ പരിഷ്കാരങ്ങളിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
പുതിയ നിയമം 2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ തീയതി മുതൽ, ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആധാർ പ്രാമാണീകരിച്ച ഉപയോക്താക്കൾക്ക് മാത്രമേ സാധിക്കൂ. അതായത്, യാത്രക്കാർ അവരുടെ ഐആർസിടിസി അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കുകയും അത് വിജയകരമായി പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യണം.
ജൂലൈ 15 മുതൽ ഓടിപി വഴിയുള്ള ആധാർ പ്രാമാണീകരണം നിർബന്ധമാക്കും. ഓൺലൈൻ ബുക്കിംഗിന് പുറമെ, കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലൂടെയും അംഗീകൃത ഏജന്റുമാർ വഴിയുമുള്ള ടിക്കറ്റ് ബുക്കിംഗിനും ഇതേ ഓടിപി ആവശ്യമായി വരും. ബുക്കിംഗ് സമയത്ത് നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഓടിപി ലഭിക്കും.
ഏജന്റുമാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സമയപരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. തത്കാൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്ന ആദ്യ 30 മിനിറ്റിനുള്ളിൽ അംഗീകൃത ഏജന്റുമാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കില്ല. എ.സി. ക്ലാസുകൾക്കുള്ള തത്കാൽ ബുക്കിംഗ് രാവിലെ 10 മണിക്ക് ആരംഭിച്ച് 10:30 വരെയും, നോൺ-എ.സി. ക്ലാസുകൾക്ക് രാവിലെ 11 മണിക്ക് ആരംഭിച്ച് 11:30 വരെയും ഏജന്റുമാർക്ക് ബുക്കിംഗ് അനുവദിക്കില്ല. സാധാരണ യാത്രക്കാർക്ക് തുല്യ അവസരം ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയമങ്ങൾ. ലക്ഷക്കണക്കിന് വ്യാജ ഐഡികൾ ഇതിനകം റെയിൽവേ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾ സംബന്ധിച്ച് യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS), ഐആർസിടിസി എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യാത്രക്കാർ എത്രയും പെട്ടെന്ന് ആധാർ ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ ശ്രദ്ധിക്കുക.