500 രൂപ നോട്ടുകൾ 2025 സെപ്റ്റംബറോടെ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കുമെന്നും 100, 200 രൂപ നോട്ടുകൾ മാത്രമായിരിക്കും ലഭ്യമാകുകയെന്നുമുള്ള വ്യാജ പ്രചരണങ്ങൾ കേന്ദ്ര സർക്കാർ തള്ളി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി.) വ്യക്തമാക്കി.
2025 സെപ്റ്റംബറോടെ എ.ടി.എമ്മുകളിൽ 500 രൂപ നോട്ടുകൾ ഇല്ലാതാകുമെന്നും, പകരം 100, 200 രൂപ നോട്ടുകൾ മാത്രം ലഭ്യമാക്കുമെന്നുമായിരുന്നു പ്രചരണം. എന്നാൽ ഇത് തെറ്റിദ്ധാരണ പരത്തുന്ന വാർത്തയാണെന്ന് പി.ഐ.ബി.യുടെ ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥിരീകരിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) ഏപ്രിൽ 2025-ൽ പുറത്തിറക്കിയ ഒരു സർക്കുലറിനെ തെറ്റായി വ്യാഖ്യാനിച്ചതാണ് ഈ കിംവദന്തിക്ക് പിന്നിൽ.
മാർക്കറ്റിൽ ചെറിയ തുക നോട്ടുകളുടെ ലഭ്യത കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആർ.ബി.ഐ. പ്രസ്തുത സർക്കുലർ പുറത്തിറക്കിയത്. 2025 സെപ്റ്റംബർ 30-നകം രാജ്യത്തെ എല്ലാ ബാങ്കുകളും അവരുടെ എ.ടി.എമ്മുകളിൽ കുറഞ്ഞത് 75% എണ്ണത്തിലെങ്കിലും ഒരു കാസറ്റിൽ നിന്ന് 100 രൂപയോ 200 രൂപയോ നോട്ടുകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആർ.ബി.ഐ. നിർദ്ദേശിച്ചത്. ഇത് 500 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനുള്ള നിർദ്ദേശമായിരുന്നില്ല, മറിച്ച് ചെറിയ തുക നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടിയായിരുന്നു.
500 രൂപ നോട്ടുകളുടെ വിതരണം നിർത്തലാക്കാൻ ആർ.ബി.ഐ. ഒരു നിർദ്ദേശവും പുറത്തിറക്കിയിട്ടില്ലെന്നും ഈ നോട്ടുകൾ ഇടപാടുകൾക്ക് ഇപ്പോഴും സാധുവാണെന്നും പി.ഐ.ബി. വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകാതെ, വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ പി.ഐ.ബി. പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.