Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

യാത്ര എളുപ്പമാക്കാൻ 3000 രൂപയുടെ ഫാസ്ടാഗ് വാർഷിക പാസ്: ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ

Fastag

രാജ്യത്തെ ദേശീയപാതകളിലൂടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസം നൽകി, 3000 രൂപയുടെ ഫാസ്ടാഗ് വാർഷിക പാസ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 15 മുതൽ ഇത് പ്രാബല്യത്തിൽ വരും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതുവഴി, ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും പതിവ് യാത്രക്കാർക്ക് പണം ലാഭിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

സ്വകാര്യ വാണിജ്യേതര വാഹനങ്ങളായ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്ക് മാത്രമാണ് ഈ വാർഷിക പാസ് ലഭ്യമാവുക. ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 യാത്രകൾക്ക്, ഇവയിൽ ഏതാണ് ആദ്യം പൂർത്തിയാകുന്നത് അതനുസരിച്ചായിരിക്കും പാസിന്റെ കാലാവധി. 200 യാത്രകൾ പൂർത്തിയാക്കുകയാണെങ്കിൽ കാലാവധി തീരും മുൻപും പാസ് പുതുക്കാൻ സാധിക്കും. നിലവിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് പുതിയത് വാങ്ങാതെ തന്നെ ഈ പാസ് നിലവിലുള്ള ഫാസ്ടാഗിൽ സജീവമാക്കാൻ കഴിയും. രാജമാർഗ് യാത്ര മൊബൈൽ ആപ്ലിക്കേഷനിലൂടെയോ എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഈ പാസ് സജീവമാക്കാം.

നാഷണൽ ഹൈവേകളിലും നാഷണൽ എക്സ്പ്രസ് വേകളിലും മാത്രമായിരിക്കും ഈ പാസ് വഴി ടോൾ ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കുക. സംസ്ഥാന പാതകളിലോ സ്വകാര്യ ടോൾ റോഡുകളിലോ ഈ പാസ് ബാധകമല്ല. സാധാരണ ഫാസ്ടാഗ് ഉപയോഗിച്ച് ഈ റോഡുകളിൽ ടോൾ നൽകേണ്ടി വരും. നിലവിൽ ടോൾ പ്ലാസകളിൽ ഓരോ യാത്രക്കും ശരാശരി 50 രൂപ ചെലവാകുമ്പോൾ, ഈ പുതിയ വാർഷിക പാസ് ഉപയോഗിച്ച് ഒരു യാത്രക്ക് ഏകദേശം 15 രൂപ മാത്രമേ ചെലവാകൂ. ഇതുവഴി സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പ്രതിവർഷം 7000 രൂപ വരെ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

കൂടാതെ, 60 കിലോമീറ്ററിനുള്ളിൽ ഒന്നിലധികം ടോൾ പ്ലാസകൾ വരുന്നതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്കകൾക്ക് ഈ പാസ് പരിഹാരമാകുമെന്നും സർക്കാർ കരുതുന്നു. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറച്ച്, തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഈ വാർഷിക പാസ് നിർബന്ധമല്ലെന്നും, താൽപര്യമില്ലാത്തവർക്ക് നിലവിലുള്ള ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് യാത്ര തുടരാമെന്നും അധികൃതർ വ്യക്തമാക്കി.