അതികഠിനമായ ഹിമാലയൻ ഭൂപ്രകൃതിയെ അതിജീവിച്ച് കാശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂർ–ശ്രീനഗർ–ബാരാമുള്ള റെയിൽ ലിങ്ക് (യു.എസ്.ബി.ആർ.എൽ) പദ്ധതിയുടെ നിർണായക ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതോടെ, റെയിൽവേ ശൃംഖല വഴി കാശ്മീർ താഴ്‌വരയ്ക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി എല്ലാ കാലാവസ്ഥയിലും ബന്ധപ്പെടാൻ സാധിക്കും. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് മികവിന്റെ ഉദാഹരണമാണ് ഈ പദ്ധതി.
43,780 കോടി രൂപ ചെലവിൽ 272 കിലോമീറ്റർ ദൂരത്തിലാണ് യു.എസ്.ബി.ആർ.എൽ പദ്ധതി പൂർത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലവും, ഇന്ത്യയിലെ ആദ്യ കേബിൾ സ്റ്റേഡ് റെയിൽവേ പാലമായ അഞ്ചി ഖാഡ് പാലവും ഈ പദ്ധതിയുടെ ഭാഗമാണ്. 359 മീറ്റർ ഉയരമുള്ള ചെനാബ് പാലം ഫ്രാൻസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടിയതാണ്. 119 കിലോമീറ്റർ ദൈർഘ്യമുള്ള 36 തുരങ്കങ്ങളും 943 പാലങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 12.77 കിലോമീറ്റർ നീളമുള്ള ടി-50 ആണ് പദ്ധതിയിലെ ഏറ്റവും നീളമേറിയ തുരങ്കം.
കാശ്മീരിലെ കത്രയെയും ശ്രീനഗറിനെയും ബന്ധിപ്പിച്ച് വന്ദേ ഭാരത് എക്സ്പ്രസ് സർവീസും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. കഠിനമായ ഹിമാലയൻ ശൈത്യകാലത്തെ അതിജീവിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ ട്രെയിനുകൾ. ഈ റെയിൽവേ പദ്ധതി, കാശ്മീരിലെ ജനങ്ങൾക്ക് പുതിയ ഗതാഗത സാധ്യതകൾ തുറന്നു നൽകുക മാത്രമല്ല, ടൂറിസം, വ്യാപാരം തുടങ്ങിയ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ഏകീകരണത്തിലും വികസനത്തിലും നിർണായക പങ്ക് വഹിക്കുന്ന ഈ റെയിൽവേ ശൃംഖല, ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
The Tricolour flies high over the Chenab Rail Bridge!
— Narendra Modi (@narendramodi) June 6, 2025
It’s a feeling of immense pride that this bridge seamlessly blends ambition with execution, reflecting India’s growing capability to build futuristic infrastructure in the most challenging terrains. pic.twitter.com/PrqELwfO7k