വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ഒൻപത് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിടുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് ബോട്ടുകളിലായി കടലിൽ പോയ തൊഴിലാളികളാണ് തിരിച്ചെത്താത്തത്. ഇതിൽ എട്ടുപേർ റോബിൻസൺ എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകളിലായിരുന്നു. ‘സ്റ്റെല്ലസ്’ എന്ന ബോട്ടിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
കടലിലെ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. മോശം കാലാവസ്ഥ കാരണം വിഴിഞ്ഞത്തുനിന്നുള്ള മത്സ്യത്തൊഴിലാളികൾ തമിഴ്നാട് തീരത്തേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.