Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

നിപ വൈറസ്: കേരളത്തിൽ 383 പേർ സമ്പർക്കപ്പട്ടികയിൽ; ജാഗ്രത ശക്തമാക്കി

207

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ വൈറസ് കേസുകളുമായി ബന്ധപ്പെട്ട് 383 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഞായറാഴ്ച അറിയിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം തടയാൻ കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്കും, പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ 38 വയസ്സുകാരിക്കുമാണ് നിപ സ്ഥിരീകരിച്ചത്. മലപ്പുറത്തെ യുവതി ജൂലൈ ഒന്നിന് മരിച്ചിരുന്നു. പാലക്കാട്ടെ യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

സമ്പർക്കപ്പട്ടികയിലുള്ള 383 പേരിൽ 241 പേർ മലപ്പുറത്തെ രോഗിയുമായും 142 പേർ പാലക്കാട്ടെ രോഗിയുമായും ബന്ധപ്പെട്ടവരാണ്. കോഴിക്കോട് ജില്ലയിൽ 94 പേരും എറണാകുളം ജില്ലയിൽ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്. മലപ്പുറത്ത് 12 പേർ ചികിത്സയിലുണ്ടെന്നും അതിൽ അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രി അറിയിച്ചു. പാലക്കാട് നാലുപേർ ഐസൊലേഷനിലാണ്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ട്. കൂടാതെ, വീടുകൾ കയറിയുള്ള നിരീക്ഷണം, പനി സർവ്വേ, മാനസിക പിന്തുണ നൽകൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർക്ക് ചികിത്സ ആവശ്യമായി വന്നാൽ അവർക്കായി തീവ്രപരിചരണ വിഭാഗങ്ങളും ഐസൊലേഷൻ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.