Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ; ജോയിന്റ് രജിസ്ട്രാർ അവധിയിൽ പ്രവേശിച്ചു, സ്ഥാനത്ത് നിന്ന് നീക്കി

211

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ (വി.സി) ഡോ. സിസ തോമസും സിൻഡിക്കേറ്റും തമ്മിലുള്ള തർക്കങ്ങൾക്കിടെ ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാർ അവധിയിൽ പ്രവേശിച്ചു. വി.സി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ഹരികുമാർ അവധിയിൽ പ്രവേശിച്ചത്. ഇതിന് പിന്നാലെ ഹരികുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി വി.സി ഉത്തരവിറക്കി.

വി.സി പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തതിനും, സസ്പെൻഷനിലായിരുന്ന രജിസ്ട്രാർ കെ.എസ്. അനിൽകുമാർ വീണ്ടും ചുമതലയേറ്റെടുത്തതിന് അനുമതി നൽകിയതിനും വിശദീകരണം ആവശ്യപ്പെട്ടായിരുന്നു ജോയിന്റ് രജിസ്ട്രാർക്ക് വി.സി നോട്ടീസ് നൽകിയത്. ചട്ടലംഘനമാണ് ഹരികുമാർ നടത്തിയതെന്നാണ് വി.സിയുടെ നിലപാട്. നോട്ടീസിന് മറുപടി നൽകാതെ ഹരികുമാർ അവധിയിൽ പ്രവേശിക്കുകയായിരുന്നു.

പുതിയ സാഹചര്യത്തിൽ, പി. ഹരികുമാറിനെ ജോയിന്റ് രജിസ്ട്രാർ സ്ഥാനത്ത് നിന്ന് വി.സി സിസ തോമസ് നീക്കം ചെയ്തു. ഡോ. മിനി കാപ്പനെ രജിസ്ട്രാറുടെ താൽക്കാലിക ചുമതലയും ഹേമ ആനന്ദിനെ ജോയിന്റ് രജിസ്ട്രാറായും നിയമിച്ചു. സർവകലാശാലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് വി.സി ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വി.സിയുടെ നിയമപരമായ നടപടികൾക്ക് രാജ്ഭവൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സർവകലാശാലയിൽ നിലനിൽക്കുന്ന വി.സി-സിൻഡിക്കേറ്റ് തർക്കത്തിന്റെ തുടർച്ചയായാണ് ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. നേരത്തെ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി.സി സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും, സിൻഡിക്കേറ്റ് ആ തീരുമാനം റദ്ദാക്കി അനിൽകുമാറിനെ തിരിച്ചെടുക്കുകയായിരുന്നു. ഇതിനിടെ വി.സിക്കെതിരെ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.