Navavani Media

2 November, 2025
Sunday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

ദിവസങ്ങളായി തുടർന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമം. പുതിയ കേരള പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ.

181

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ എ. ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഈ നിയമനം. ഇതോടെ, ദിവസങ്ങളായി തുടർന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായി.

1991 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ നിലവിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്. യു.പി.എസ്.സി. നൽകിയ മൂന്നംഗ ചുരുക്കപ്പട്ടികയിൽ രണ്ടാമനായിരുന്നു അദ്ദേഹം. നിഥിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരായിരുന്നു പട്ടികയിലെ മറ്റ് ഉദ്യോഗസ്ഥർ.

കണ്ണൂർ കൂത്തുപറമ്പിൽ നടന്ന വെടിവെപ്പ് സംഭവത്തിൽ റവാഡ ചന്ദ്രശേഖറിന്റെ പങ്ക് മുൻപ് ചർച്ചയായിരുന്നു. എന്നാൽ, 2012-ൽ കേരള ഹൈക്കോടതി അദ്ദേഹത്തെ ഈ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞയാഴ്ച റവാഡ ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പോലീസ് മേധാവി സ്ഥാനത്ത് ഒരു ഉദ്യോഗസ്ഥന് കുറഞ്ഞത് രണ്ട് വർഷത്തെ കാലാവധി ഉറപ്പാക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശമനുസരിച്ച്, ഒരു വർഷം മാത്രം സർവീസ് ശേഷിക്കുന്ന ചന്ദ്രശേഖറിന് പോലീസ് മേധാവിയായാൽ ഒരു വർഷത്തെ സർവീസ് കാലാവധി നീട്ടി ലഭിക്കാൻ അർഹതയുണ്ട്. ഓഗസ്റ്റ് ഒന്നു മുതൽ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) ആയി ചുമതലയേൽക്കാനും അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരള പോലീസ് മേധാവി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ നിയമനം ഏറെ പ്രാധാന്യമർഹിക്കുന്നു.