കോഴിക്കോട് കാക്കൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചേലാകർമ്മത്തിനിടെ അനസ്തീസിയ നൽകിയതിനെ തുടർന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം കാക്കൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫറോക്ക് സ്വദേശികളായ ഇംതിയാസിന്റെയും ഷാദിയ ഷെറിന്റെയും മകൻ എമിൻ ആദമാണ് മരിച്ചത്. ചേലാകർമ്മത്തിനായി കുഞ്ഞിനെ ക്ലിനിക്കിൽ എത്തിച്ചതിന് പിന്നാലെ അനസ്തീസിയ നൽകുകയായിരുന്നു. ഇതിനുപിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഉടൻതന്നെ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ചികിത്സയിലെ പിഴവുകളാണോ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.