Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

ബ്രസീൽ ബ്രിക്സ് ഉച്ചകോടിയിൽ മോദി: ”ഗ്ലോബൽ സൗത്ത് ഇരട്ടത്താപ്പിന് ഇരയാകുന്നു”

209

ആഗോളതലത്തിൽ “ഗ്ലോബൽ സൗത്ത്” അഥവാ വികസ്വര രാജ്യങ്ങൾ ഇരട്ടത്താപ്പിന് ഇരയാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം, വിഭവങ്ങളുടെ വിതരണം, സുരക്ഷാ വിഷയങ്ങൾ എന്നിവയിലെല്ലാം ഈ രാജ്യങ്ങൾക്ക് വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ ധനസഹായം, സുസ്ഥിര വികസനം, സാങ്കേതിക വിദ്യയിലേക്കുള്ള പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ വികസ്വര രാജ്യങ്ങൾക്ക് പേരിന് മാത്രമുള്ള പരിഗണനയാണ് ലഭിക്കുന്നതെന്നും മോദി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ 20-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ആഗോള സ്ഥാപനങ്ങൾക്ക് സാധിക്കില്ലെന്നും ഐക്യരാഷ്ട്രസഭ രക്ഷാസമിതി, ലോക വ്യാപാര സംഘടന (WTO), ബഹുമുഖ വികസന ബാങ്കുകൾ എന്നിവയുൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ പരിഷ്കാരങ്ങൾ വെറും പ്രതീകാത്മകമാകാതെ, ഭരണഘടനയിലും വോട്ടവകാശങ്ങളിലും നേതൃത്വ സ്ഥാനങ്ങളിലും യഥാർത്ഥ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിക്സ് കൂട്ടായ്മയുടെ വികാസം കാലത്തിനനുസരിച്ച് മാറാനുള്ള സംഘടനയുടെ കഴിവിൻ്റെ തെളിവാണെന്നും മോദി പറഞ്ഞു. ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നിവയും 2025-ൽ ഇന്തോനേഷ്യയും അംഗങ്ങളായത് അദ്ദേഹം എടുത്തുപറഞ്ഞു. ഭീകരവാദം മനുഷ്യരാശിക്ക് നേരിടുന്ന വലിയ ഭീഷണിയാണെന്നും, സമീപകാലത്ത് നടന്ന പഹൽഗാം ഭീകരാക്രമണത്തെ ഉദാഹരിച്ച് ഭീകരതയെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.