അബൂജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ മോക്വാ നഗരത്തിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 200 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. പുലർച്ചെയുണ്ടായ അതിശക്തമായ മഴയാണ് വൻ നാശനഷ്ടങ്ങൾക്ക് കാരണമായത്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ വെള്ളപ്പൊക്കത്തിൽ മോക്വ പട്ടണം പൂർണ്ണമായും വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കത്തിൽ 3,000-ത്തിലധികം പേർക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതായി പ്രാദേശിക അധികൃതർ വ്യക്തമാക്കി. കൂടാതെ, 500-ൽ അധികം വീടുകളെയും വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ പോലും വെള്ളത്തിൽ മുങ്ങി. രണ്ട് റോഡുകളും രണ്ട് പാലങ്ങളും ഒലിച്ചുപോയത് രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ ദുഷ്കരമാക്കി. അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നില്ലെന്ന് വിശ്വസിക്കുന്നതിനാൽ, രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ചതായി മോക്വ പ്രാദേശിക ഭരണകൂടം അറിയിച്ചു.
രോഗവ്യാപനം തടയുന്നതിനായി അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ അടിയന്തര നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.