ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നും, ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ കരാർ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂലൈ 9-നകം കരാർ യാഥാർത്ഥ്യമാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.
ഏപ്രിൽ 10 മുതൽ 90 ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 26% അധിക തീരുവയുടെ താൽക്കാലിക ഇളവ് ജൂലൈ 9-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ ചർച്ചകൾക്ക് വേഗത കൈവരുന്നത്. ഈ തീയതിക്ക് മുമ്പായി ഒരു ഇടക്കാല കരാറിൽ എത്താനാണ് ഇന്ത്യയും യുഎസും ശ്രമിക്കുന്നത്.നിലവിൽ 10% അടിസ്ഥാന തീരുവ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ നിലവിലുണ്ട്.
വിപണി പ്രവേശനം, ഡിജിറ്റൽ വ്യാപാരം, കസ്റ്റംസ് നടപടികൾ ലളിതമാക്കൽ, സാങ്കേതിക തടസ്സങ്ങൾ നീക്കൽ തുടങ്ങിയ വിഷയങ്ങളാണ് കരാറിന്റെ പ്രധാന ചർച്ചാ വിഷയങ്ങൾ. അമേരിക്കയുടെ കാർഷികോൽപ്പന്നങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ, ഊർജ്ജം (പ്രകൃതി വാതകം), ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം ലഭിക്കുന്നതിന് യുഎസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതേസമയം, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ തൊഴിൽ സാന്ദ്രമായ മേഖലകളിൽ താരിഫ് ഇളവുകളാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
കാർഷിക മേഖലയിലെ ഇളവുകൾ സംബന്ധിച്ചാണ് പ്രധാന തർക്കം നിലനിൽക്കുന്നത്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെയും ലക്ഷക്കണക്കിന് കർഷകരുടെ ഉപജീവനത്തെയും ബാധിക്കുമെന്നതിനാൽ കാർഷിക, ക്ഷീര മേഖലകളിൽ വലിയ തോതിലുള്ള ഇളവുകൾ നൽകാൻ ഇന്ത്യക്ക് താൽപര്യമില്ല. ധാരണയിലെത്തിയാൽ, വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ താരിഫ് കുറയ്ക്കുകയും, ചില അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് പരിമിതമായ വിപണി പ്രവേശനം നൽകുകയും ചെയ്തേക്കും.
മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം കരാറിന് അന്തിമരൂപം നൽകാനായി വാഷിംഗ്ടണിൽ തുടരുകയാണ്. 2025 അവസാനത്തോടെ ഒരു സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിലേക്ക് (BTA) എത്താനും 2030-ഓടെ ഉഭയകക്ഷി വ്യാപാരം നിലവിലെ 191 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.