ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളിൽ അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചു. 35 മിനിറ്റ് നീണ്ട ടെലിഫോൺ സംഭാഷണത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പ്രതികരണമായ ‘ഓപ്പറേഷൻ സിന്ദൂർ’ ഇപ്പോഴും തുടരുകയാണെന്നും, പാകിസ്ഥാൻ്റെ അഭ്യർത്ഥന മാനിച്ചാണ് സൈനിക നടപടികൾ നിർത്തിവെച്ചതെന്നും പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു.
ട്രംപ് ആവർത്തിച്ച് ഉന്നയിക്കുന്ന ഇന്ത്യ-പാക് വെടിനിർത്തലിൽ തൻ്റെ മധ്യസ്ഥത എന്ന വാദം തെറ്റാണെന്ന് മോദി അടിവരയിട്ടു പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലവിലുള്ള സൈനിക ചാനലുകളിലൂടെയാണ് ചർച്ചകൾ നടന്നതെന്നും പാകിസ്ഥാൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് സൈനിക നടപടികൾക്ക് താൽക്കാലിക വിരാമമിട്ടതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പിന്നീട് അറിയിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറുമായി വെടിനിർത്തലിന് ബന്ധമുണ്ടെന്ന ട്രംപിൻ്റെ വാദവും മോദി നിഷേധിച്ചു. ഭീകരതയെ ഇനി പ്രോക്സി യുദ്ധമായല്ല, ഒരു യഥാർത്ഥ യുദ്ധമായാണ് ഇന്ത്യ കാണുന്നതെന്നും ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്നും മോദി വ്യക്തമാക്കി.
ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. മെയ് 7-ന് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ദിവസങ്ങളോളം അതിർത്തിയിൽ സംഘർഷമുണ്ടായി. എന്നാൽ മെയ് 10-ഓടെ പാകിസ്ഥാൻ്റെ അഭ്യർത്ഥനയെ തുടർന്ന് സൈനിക നടപടികൾക്ക് താൽക്കാലിക വിരാമമായി.
ടെലിഫോൺ സംഭാഷണത്തിൽ, ഇസ്രയേൽ-ഇറാൻ സംഘർഷം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നേരിട്ടുള്ള ചർച്ചകളുടെ ആവശ്യം, ഇൻഡോ-പസഫിക് മേഖലയിൽ ക്വാഡിൻ്റെ പ്രാധാന്യം എന്നിവയും ഇരു നേതാക്കളും ചർച്ച ചെയ്തു. അടുത്ത ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് വരാൻ മോദി ട്രംപിനെ ക്ഷണിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യയിലേക്ക് വരുമെന്ന് ട്രംപ് അറിയിച്ചതായും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.