ബ്രിക്സ് രാജ്യങ്ങളെ “അമേരിക്കൻ വിരുദ്ധം” എന്ന് വിശേഷിപ്പിച്ച് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബ്രിക്സ് കൂട്ടായ്മയുടെ “അമേരിക്കൻ വിരുദ്ധ നയങ്ങളുമായി” യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന് യാതൊരു ഇളവുകളും ഉണ്ടാകില്ലെന്നും ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിൽ വ്യക്തമാക്കി.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിൽ, ഏകപക്ഷീയമായ തീരുവകളും വ്യാപാര നിയന്ത്രണങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ബ്രിക്സ് രാജ്യങ്ങൾ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. ലോകവ്യാപാര സംഘടനയുടെ (WTO) നിയമങ്ങളെ ലംഘിക്കുന്നതും വ്യാപാരത്തെ തടസ്സപ്പെടുത്തുന്നതുമായ നടപടികളിൽ ബ്രിക്സ് രാജ്യങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ പ്രസ്താവന യു.എസ്. ഭരണകൂടത്തെ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, അതിൽ യു.എസ്സിനെ നേരിട്ട് പേരെടുത്ത് പറഞ്ഞിരുന്നില്ല.
ഏതൊക്കെ നയങ്ങളാണ് “അമേരിക്കൻ വിരുദ്ധം” എന്ന് ട്രംപ് വ്യക്തമാക്കാത്തത് ശ്രദ്ധേയമാണ്. എന്നാൽ, ബ്രിക്സ് രാജ്യങ്ങൾ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിനെതിരെ മുൻപും ട്രംപ് രംഗത്തെത്തിയിരുന്നു. അന്ന് ഡോളർ ഉപേക്ഷിക്കാൻ ശ്രമിച്ചാൽ 100% തീരുവ ചുമത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.
പുതിയ വ്യാപാര കരാറുകൾ സംബന്ധിച്ചുള്ള ഔദ്യോഗിക കത്തുകൾ ജൂലൈ 7 തിങ്കളാഴ്ച ഉച്ചയ്ക്ക് (ഈസ്റ്റേൺ സമയം) മുതൽ വിവിധ രാജ്യങ്ങളിലേക്ക് അയച്ചു തുടങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാര ചർച്ചകളിൽ യു.എസ്. നിലപാട് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെ നിരീക്ഷകർ വിലയിരുത്തുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമാണ്.