Navavani Media

24 December, 2025
Wednesday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

ധാക്കയിൽ പരിശീലന വിമാനം സ്കൂൾ കെട്ടിടത്തിലേക്ക് തകർന്നു വീണു; 27 മരണം, കൂടുതലും കുട്ടികൾ

226

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം സ്കൂൾ കെട്ടിടത്തിലേക്ക് തകർന്നു വീണു. വടക്കൻ ധാക്കയിലെ ദിയാബാരിയിലുള്ള മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജിൻ്റെ ഇരുനില കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഈ ദുരന്തത്തിൽ ഇതുവരെ 27 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, മരിച്ചവരിൽ 25 പേരും കുട്ടികളാണ്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് മുഹമ്മദ് തൗഖിർ ഇസ്ലാമും അപകടത്തിൽ മരിച്ചു.

രാവിലെ ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ കാരണം വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനീസ് നിർമ്മിത എഫ്-7 ബി.ജി.ഐ. പരിശീലന ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏകദേശം 170-ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഒറ്റ എഞ്ചിനുള്ള സൂപ്പർസോണിക് പരിശീലന വിമാനമാണ് എഫ്-7 ബി.ജി.ഐ. വിമാനം. വിദ്യാർത്ഥികൾ സ്കൂളിലുണ്ടായിരുന്ന സമയത്താണ് ഈ ദാരുണമായ സംഭവം നടന്നത്. കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ട ഈ അപകടം രാജ്യമെങ്ങും വലിയ ഞെട്ടലും ദുഃഖവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ബംഗ്ലാദേശ് സർക്കാർ ചൊവ്വാഴ്ച ദുഃഖാചരണ ദിവസമായി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. മരിച്ചവർക്കും പരിക്കേറ്റവർക്കും വേണ്ടി എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടത്താനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടകാരണം കണ്ടെത്താൻ ബംഗ്ലാദേശ് വ്യോമസേന ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. എയർ വൈസ് മാർഷൽ എ.എസ്.എം. ഫക്രുൾ ഇസ്ലാമിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.