കന്നഡ ഭാഷയെയും അതിന്റെ സംസ്കാരത്തെയും കുറിച്ച് പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് നടൻ കമലഹാസനെ വിലക്കി ബംഗളൂരു സിവിൽ കോടതിയുടെ ഉത്തരവ്. കന്നഡ സാഹിത്യ പരിഷത്ത് നൽകിയ ഹർജിയിലാണ് വെള്ളിയാഴ്ച കോടതിയുടെ ഇടക്കാല ഉത്തരവ്. കമലഹാസന്റെ ചില പരാമർശങ്ങൾ കന്നഡിഗരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹർജി.
കമലഹാസന്റെ പുതിയ ചിത്രമായ ‘തഗ് ലൈഫി’ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മെയ് മാസത്തിൽ ചെന്നൈയിൽ വെച്ച് നടത്തിയ ഒരു പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. “കന്നഡ തമിഴിൽ നിന്ന് പിറന്ന ഭാഷയാണ്” എന്ന അദ്ദേഹത്തിന്റെ പരാമർശം കന്നഡ അനുകൂല സംഘടനകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും കടുത്ത പ്രതിഷേധത്തിന് കാരണമായി. ഈ പ്രസ്താവന കന്നഡിഗരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഭാഷാപരമായ മേധാവിത്വം അവകാശപ്പെടുന്നതുമാണെന്ന് കന്നഡ സാഹിത്യ പരിഷത്ത് അധ്യക്ഷൻ മഹേഷ് ജോഷി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
കമലഹാസനോ അദ്ദേഹത്തിന്റെ ഏജന്റുമാരോ കന്നഡ ഭാഷയുടെയും സാഹിത്യത്തിന്റെയും ഭൂമിയുടെയും സംസ്കാരത്തിന്റെയും മേൽ ഭാഷാപരമായ ശ്രേഷ്ഠത അവകാശപ്പെടുന്നതോ, അവയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതോ, അത്തരം പ്രസ്താവനകൾ പ്രസിദ്ധീകരിക്കുന്നതോ വിലക്കുന്നതാണ് കോടതിയുടെ ഉത്തരവ്. ഈ വിഷയത്തിൽ കോടതി കമലഹാസന് സമൻസ് അയക്കുകയും കേസ് ഓഗസ്റ്റ് 30-ലേക്ക് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.
വിവാദ പ്രസ്താവന പിൻവലിക്കാനോ മാപ്പു പറയാനോ കമലഹാസൻ തയ്യാറാകാത്തതിനെ തുടർന്ന് ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന് കർണാടകയിൽ പ്രദർശന വിലക്ക് നേരിട്ടിരുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതി അനുകൂല നിലപാട് എടുത്തിരുന്നെങ്കിലും, സിനിമയുടെ പ്രദർശനത്തിന് സംസ്ഥാനത്ത് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. കമലഹാസൻ തന്റെ പ്രസ്താവന സ്നേഹത്തിൽ നിന്നും ഭാഷാപരമായ ചരിത്രപരമായ അറിവിൽ നിന്നും വന്നതാണെന്ന് വിശദീകരിച്ചിട്ടുണ്ടെങ്കിലും, നേരിട്ടുള്ള ഒരു ക്ഷമാപണം അദ്ദേഹം നടത്തിയിട്ടില്ല.