ബെംഗളൂരു: നടൻ കമൽ ഹാസൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കർണാടകയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ, കർണാടക ഹൈക്കോടതിയെ സമീപിച്ചു. മണിരത്നം സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂൺ 5-ന് റിലീസ് ചെയ്യാനിരിക്കെയാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (KFCC) റിലീസ് തടഞ്ഞത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയിൽ തമിഴ് ഭാഷയിൽ നിന്നാണ് കന്നഡയുടെ ഉത്ഭവം എന്ന കമൽ ഹാസന്റെ പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ പ്രസ്താവന കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും കടുത്ത എതിർപ്പിന് കാരണമാവുകയും നടൻ മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, തന്റെ പ്രസ്താവന സ്നേഹത്തിൽ നിന്നും ചരിത്രപരമായ അറിവിൽ നിന്നും ഉണ്ടായതാണെന്നും, താൻ ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലെന്നും കമൽ ഹാസൻ നിലപാട് എടുത്തു. ഇതേ തുടർന്നാണ് സിനിമയുടെ റിലീസ് തടയപ്പെട്ടത്.
‘തഗ് ലൈഫ്’ തടസ്സങ്ങളില്ലാതെ റിലീസ് ചെയ്യാൻ അനുമതി നൽകണമെന്നും തിയേറ്ററുകൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കമൽ ഹാസന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യവും കലാപരമായ ആവിഷ്കാരത്തിനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്ന് ഹർജിയിൽ പറയുന്നു.