മലയാള റാപ്പ് സംഗീതത്തിന്റെ പേരിൽ ഏറെ ശ്രദ്ധ നേടുന്ന വേടന്റെ പാട്ട് ഇപ്പോൾ അമേരിക്കയിലും തരംഗമാകുന്നു. ‘കടലമ്മ കരഞ്ഞല്ലേ പെറ്റത്’ എന്ന വേടന്റെ പ്രശസ്തമായ റാപ്പ് പാട്ടിന് ചുവടുവെക്കുന്ന അമേരിക്കക്കാരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഒരു വിവാഹ വിരുന്നിലാണ് ഈ രംഗം നടന്നത്. ലക്ഷ്മി നായർ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്. വേടന്റെ ഈ പാട്ടിന് അമേരിക്കക്കാരും ആവേശത്തോടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. “ഇത് മലയാളം റാപ്പ് ആണെന്ന്” വീഡിയോ ചിത്രീകരിക്കുന്നയാൾ പറയുന്നതും ശ്രദ്ധേയമാണ്.
‘കൊണ്ടൽ’ എന്ന സിനിമയ്ക്കായി വേടൻ എഴുതിയ ഈ പാട്ടിന് സാം സി എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. മലയാളത്തിന്റെ ടുപാക് ഷാക്കൂര്‍ എന്നറിയപ്പെടുന്ന വേടന്റെ താളത്തിന് ചുവടുവെക്കുന്ന അമേരിക്കക്കാരെ കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്.
വീഡിയോ പങ്കുവെച്ച വ്യക്തി കുറിച്ചിരിക്കുന്നത് ഇങ്ങനെ: “അങ്ങനെ വേടന്റെ റാപ്പ് സോങ്ങ് ഞാന്‍ അമേരിക്കയിലും എത്തിച്ചു. എന്റെ മകന്റെ ചിക്കാഗോ വെഡ്ഡിങ് റിസപ്ഷനിലാണ് ഈ പാട്ടിനൊപ്പം അമേരിക്കക്കാര്‍ ചുവടുവെച്ചത്.”
വേടന്റെ ആരാധകർ ഓരോ ദിവസവും കൂടിവരികയും, മലയാളം റാപ്പ് സംഗീതം അന്തർദേശീയ തലത്തിലും കൈയടി നേടുന്നതിന്റെ തെളിവാണ് ഈ വീഡിയോ എന്നും സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.