ഇലക്ട്രിക് കാർ വിപണി യൂറോപ്പിൽ അതിവേഗം വളരുമ്പോഴും ടെസ്‌ലയുടെ വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഏപ്രിലിൽ മാത്രം ടെസ്‌ലയുടെ യൂറോപ്പിലെ വിൽപ്പനയിൽ 49 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ടെസ്‌ലയുടെ സ്ഥാപകൻ ഇലോൺ മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകൾ, ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ശക്തമായ മത്സരം, ബ്രാൻഡ് മൂല്യത്തിലുണ്ടായ ഇടിവ് എന്നിവയാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
യൂറോപ്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചൈനീസ് കമ്പനികൾ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇത് ടെസ്‌ലയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നുണ്ട്. വിപണിയിലെ തങ്ങളുടെ സ്ഥാനം നിലനിർത്താൻ ടെസ്‌ല വലിയ ശ്രമങ്ങൾ നടത്തേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതിസന്ധി മറികടക്കാൻ വില കുറഞ്ഞ മോഡലുകൾ പുറത്തിറക്കാൻ ടെസ്‌ല പദ്ധതിയിടുന്നതായും വാർത്തകളുണ്ട്. ടെസ്‌ലയുടെ ഓഹരി മൂല്യത്തിൽ നേരിയ തിരിച്ചു കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും, പ്രധാന എതിരാളിയായ ബി.വൈ.ഡി.യുടെ ഓഹരി വിലയിൽ ഇടിവുണ്ടായിട്ടും, യൂറോപ്യൻ വിപണിയിൽ ടെസ്‌ലയ്ക്ക് വരും കാലം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.