യൂറോപ്യൻ യൂണിയന്റെ കയറ്റുമതി നിയന്ത്രണങ്ങൾക്ക് മുന്നോടിയായി രാജ്യങ്ങളുടെ ഗ്രേഡിങ് പുറത്തുവിട്ടപ്പോൾ ഇന്ത്യൻ റബ്ബർ മേഖലയ്ക്ക് ആശ്വാസം. പ്രകൃതിസൗഹൃദ കൃഷി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി, ‘ലോ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020-നുശേഷം ഇന്ത്യയിൽ വനംനശിപ്പിച്ച് റബ്ബർ തോട്ടങ്ങളുണ്ടാക്കാതിരുന്നതാണ് ഈ അംഗീകാരത്തിന് കാരണമായത്.
റബ്ബർ ബോർഡിന്റെ കീഴിൽ 75 വർഷമായി പരിപാലിച്ച് വരുന്ന ഇന്ത്യൻ തോട്ടങ്ങളുടെ രജിസ്ട്രി യൂറോപ്യൻ യൂണിയൻ കമ്മീഷന് ലഭ്യമാക്കിയിട്ടുണ്ട്. കൃഷിരീതി, കൃഷിയുടെ പഴക്കം, ഭൂവിവരം, നട്ട ഇനം, ടാപ്പിങ് രീതി, തൊഴിലാളികളുടെ എണ്ണം തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 8.27 ലക്ഷം ഹെക്ടർ വരുന്ന ഇന്ത്യൻ തോട്ടങ്ങളിൽ 70 ശതമാനവും 50 മുതൽ 100 വർഷംവരെ പഴക്കമുള്ളതാണ്.
അപകടരഹിത വിഭാഗത്തിൽ വന്നിട്ടും, കയറ്റുമതി നിയന്ത്രണനിയമത്തിന് മുന്നോടിയായി തോട്ടങ്ങളുടെ ജിയോടാഗിങ്, ബാച്ചുകളുടെ രജിസ്ട്രേഷൻ പോലുള്ള നടപടികൾ നിർബന്ധമായിരിക്കും. എന്നാൽ, തുറമുഖങ്ങളിൽ ചരക്ക് പരിശോധനയിൽ ഇളവ് ലഭിക്കും. ‘ലോ റിസ്ക്’ കാറ്റഗറി എന്ന വിവരണം ചരക്കിന്റെ പാക്കറ്റിനുമേൽ രേഖപ്പെടുത്താവുന്നതാണ്.
പരമ്പരാഗത ഉത്പാദക രാജ്യങ്ങളിൽ ഇന്ത്യയ്ക്കൊപ്പം തായ്‌ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ശ്രീലങ്ക, ചൈന, ഘാന എന്നിവയും ‘ലോ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുന്നു. കംബോഡിയ, ഐവറികോസ്റ്റ്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവയെ ‘സ്റ്റാൻഡേഡ് റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2026-ൽ എല്ലാ രാജ്യങ്ങളിലും യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങളുടെ പുനഃപരിശോധനയുണ്ടാകും, അതിനാൽ ക്ലാസുകൾ മാറാൻ സാധ്യതയുണ്ട്.