Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

ഇന്ത്യൻ വ്യോമസേനയ്ക്ക് വിട പറഞ്ഞ് മിഗ്-21 പോർവിമാനം; ആറ് പതിറ്റാണ്ടിലെ സേവനം അവസാനിക്കുന്നു

229

ആറ് പതിറ്റാണ്ടുകളോളം ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായിരുന്ന മിഗ്-21 പോർവിമാനങ്ങൾ പൂർണ്ണമായി വിരമിക്കുന്നു. രാജ്യത്തിന്റെ വ്യോമപ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച ഈ വിമാനങ്ങൾക്കുള്ള ഔദ്യോഗിക വിടവാങ്ങൽ ചടങ്ങ് സെപ്റ്റംബറിൽ ചണ്ഡീഗഡ് വ്യോമസേനാ താവളത്തിൽ നടക്കും. വ്യോമസേനാ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർസോണിക് ജെറ്റ് എന്ന നിലയിലും ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വിമാനം എന്ന നിലയിലും മിഗ്-21 ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.

1963-ലാണ് സോവിയറ്റ് യൂണിയൻ നിർമ്മിച്ച മിഗ്-21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിലും കാർഗിൽ യുദ്ധത്തിലും ശത്രുവിമാനങ്ങളെയും നിരീക്ഷണ വിമാനങ്ങളെയും പ്രതിരോധിക്കുന്നതിൽ മിഗ്-21 നിർണായക പങ്ക് വഹിച്ചു. 5,846 കിലോഗ്രാം ഭാരമുള്ള ഈ വിമാനം ആദ്യമായി പറന്നത് 1956 ഫെബ്രുവരി 14-നാണ്.

എങ്കിലും, “പറക്കും ശവപ്പെട്ടി” എന്ന വിളിപ്പേര് നേടിയ ഈ വിമാനത്തിന് അപകടങ്ങളുടെ ഒരു ചരിത്രമുണ്ട്. സേനയുടെ ഭാഗമായതിന് ശേഷം 400-ലധികം മിഗ്-21 വിമാനങ്ങൾ തകരുകയും 200-ൽ അധികം പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെടുകയും 50-ൽ അധികം സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സുരക്ഷാ ആശങ്കകൾ വിമാനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള തീരുമാനത്തിന് ആക്കം കൂട്ടി.

മിഗ്-21 വിമാനങ്ങൾ ഘട്ടംഘട്ടമായി സേനയിൽ നിന്ന് ഒഴിവാക്കി തുടങ്ങിയിട്ട് കാലങ്ങളായി. ഇതിന് പകരമായി തദ്ദേശീയമായി നിർമ്മിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ.) പോലുള്ള ആധുനിക പോർവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാവുകയാണ്. മിഗ്-21 ൻ്റെ പൂർണ്ണമായ വിരമിക്കൽ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കും.