സൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന പ്രിൻസ് അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് 20 വർഷത്തെ കോമയ്ക്ക് ശേഷം അന്തരിച്ചു. 36 വയസ്സായിരുന്നു അദ്ദേഹത്തിന്. 2005-ൽ ലണ്ടനിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് അൽ-വലീദ് രാജകുമാരൻ കോമയിലായത്.
കോടീശ്വരനായ അൽ-വലീദ് ബിൻ തലാലിൻ്റെ അനന്തരവനും പ്രമുഖ സൗദി രാജകുമാരൻ ഖാലിദ് ബിൻ തലാൽ അൽ സൗദിൻ്റെ മൂത്ത മകനുമാണ് അന്തരിച്ച അൽ-വലീദ് രാജകുമാരൻ. 2005-ൽ യുകെയിലെ ഒരു സൈനിക കോളേജിൽ പഠിക്കുമ്പോൾ 15 വയസ്സിലായിരുന്നു അദ്ദേഹത്തിന് അപകടം സംഭവിച്ചത്. ഈ അപകടത്തിൽ തലച്ചോറിന് ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവും ഉണ്ടായി.
അപകടത്തെ തുടർന്ന് അമേരിക്കയിൽ നിന്നും സ്പെയിനിൽ നിന്നുമുള്ള വിദഗ്ദ്ധ ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയിട്ടും അദ്ദേഹത്തിന് പൂർണ്ണ ബോധം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന്, റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തുടർച്ചയായ വൈദ്യ പരിചരണവും ലൈഫ് സപ്പോർട്ടും നൽകി വരികയായിരുന്നു.
രണ്ട് ദശാബ്ദത്തോളം നീണ്ട അബോധാവസ്ഥയ്ക്ക് ഒടുവിലാണ് അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചത്. അൽ-വലീദ് രാജകുമാരൻ്റെ മൃതദേഹം റിയാദിൽ ഞായറാഴ്ച (ജൂലൈ 20) ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിച്ചു. രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ‘ഉറങ്ങുന്ന രാജകുമാരൻ്റെ’ ജീവിതവും അതിജീവനവും. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ സൗദി രാജകുടുംബവും പൊതുജനങ്ങളും ദുഃഖം രേഖപ്പെടുത്തി.