തിരുവനന്തപുരം: ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം പരിശോധിക്കുന്നതിനായി ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധ സംഘം നഗരത്തിലെത്തി. 17 എഞ്ചിനീയർമാർ അടങ്ങുന്ന സംഘം ഞായറാഴ്ച ഉച്ചയ്ക്ക് 12:45-ഓടെ ബ്രിട്ടീഷ് വ്യോമസേനയുടെ എയർബസ് 400 ട്രാൻസ്പോർട്ട് വിമാനത്തിലാണ് എത്തിയത്.
ജൂൺ 14-നാണ് ബ്രിട്ടീഷ് നാവിക വിമാനവാഹിനിക്കപ്പലിനൊപ്പം ഇന്തോ-പസഫിക് മേഖലയിൽ യാത്ര ചെയ്യുകയായിരുന്ന എഫ്-35ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. അടിയന്തര ലാൻഡിംഗിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചിരുന്നു.
ആദ്യം വിമാനവാഹിനിക്കപ്പലിൽ നിന്ന് രണ്ട് എഞ്ചിനീയർമാർ ഹെലികോപ്റ്ററിൽ വന്ന് തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൈലറ്റ് അന്ന് തന്നെ ഹെലികോപ്റ്ററിൽ തിരികെ പോവുകയും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ തുടരുകയും ചെയ്തിരുന്നു. തകരാർ സംഭവിച്ച വിമാനം അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കാൻ കഴിയുമോ എന്ന് പുതിയ സംഘം വിശദമായി പരിശോധിക്കും. അറ്റകുറ്റപ്പണി സാധ്യമല്ലെങ്കിൽ, വിമാനത്തിന്റെ ചിറകുകൾ അഴിച്ചുമാറ്റി ഒരു ട്രാൻസ്പോർട്ട് വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകാനാണ് സാധ്യത.
ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന ഈ എഫ്-35 യുദ്ധവിമാനം സ്റ്റെൽത്ത് സാങ്കേതികവിദ്യക്ക് പേരുകേട്ടതാണ്. അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഇരുപതിലധികം അപകടങ്ങളിൽ ഈ വിഭാഗത്തിലുള്ള വിമാനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്, ഇതിൽ അധികവും യുഎസ് വിമാനങ്ങളാണ്.