ശരീരസൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നതിൽ മാതൃകയാവുകയാണ് 59 വയസ്സിലും ഫിറ്റ്നസ് താരം മിലിന്ദ് സോമൻ. പ്രായത്തെ പിന്നിലാക്കുന്ന അദ്ദേഹത്തിന്റെ ദിനചര്യകളും ഭക്ഷണക്രമവും അടുത്തിടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. അടുത്തിടെ മുംബൈയിൽ നിന്ന് ഗോവയിലേക്ക് 330 കിലോമീറ്റർ ദൂരം 3 ദിവസം കൊണ്ട് ഓടിയും സൈക്കിൾ ചവിട്ടിയും പൂർത്തിയാക്കിയ “ദി ഫിറ്റ് ഇന്ത്യൻ റൺ” അദ്ദേഹത്തിന്റെ അർപ്പണബോധത്തിന് തെളിവാണ്.
ജിം പരിശീലനങ്ങളേക്കാൾ പ്രകൃതിയോടിണങ്ങിയ വ്യായാമമുറകളാണ് മിലിന്ദ് സോമൻ തിരഞ്ഞെടുക്കുന്നത്. ദിവസേനയുള്ള ഓട്ടം, സൈക്ലിംഗ്, നടത്തം എന്നിവ അദ്ദേഹത്തിന്റെ വ്യായാമത്തിന്റെ പ്രധാന ഭാഗങ്ങളാണ്. ശരീരത്തിന് വഴക്കവും മാനസിക സമാധാനവും നൽകുന്ന യോഗയും അദ്ദേഹം പതിവാക്കുന്നു. ഭാര്യ അങ്കിത കൊൻവാറിനൊപ്പമുള്ള അദ്ദേഹത്തിന്റെ വ്യായാമ ചിത്രങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ആഹാരകാര്യത്തിലും മിലിന്ദ് സോമൻ വളരെ ശ്രദ്ധാലുവാണ്. പ്രകൃതിദത്തവും സംസ്കരിക്കാത്തതുമായ ഭക്ഷണങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നത്. രാവിലെ അര ലിറ്റർ വെള്ളം കുടിച്ചാണ് ദിവസം ആരംഭിക്കുന്നത്. തുടർന്ന് 10 മണിയോടെ നട്‌സും പഴങ്ങളും ഉൾപ്പെട്ട ലഘുഭക്ഷണം. ഉച്ചയ്ക്ക് 2 മണിയോടെ ചോറോ ചപ്പാത്തിയോടൊപ്പം പരിപ്പും പ്രാദേശിക പച്ചക്കറികളും രണ്ട് ടീസ്പൂൺ നെയ്യും ചേർത്ത ആഹാരമാണ് കഴിക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ചെറിയ അളവിൽ ചിക്കൻ, മട്ടൻ, മുട്ട എന്നിവ കഴിക്കും. വൈകുന്നേരങ്ങളിൽ ശർക്കര ചേർത്ത കട്ടൻ ചായയാണ് ഇഷ്ട്ടപ്പെടുന്നത്. രാത്രി ഏഴ് മണിയോടെ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുന്ന അദ്ദേഹം പച്ചക്കറികളോ കിച്ചടിയോ ആണ് പ്രധാനമായും കഴിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളും മദ്യവും അദ്ദേഹം പൂർണ്ണമായും ഒഴിവാക്കുന്നു. വ്യായാമത്തിലെ സ്ഥിരത, ലളിതവും ശുദ്ധവുമായ ഭക്ഷണം, പ്രാദേശിക വിഭവങ്ങൾക്ക് പ്രാധാന്യം, വിശ്രമം എന്നിവയാണ് അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യങ്ങൾ. ഈ അടുത്തിടെ BetterAlt എന്ന കമ്പനിയുമായി ചേർന്ന് ഷിലാജിത്ത് എനർജി സ്റ്റിക്കുകളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. മിലിന്ദ് സോമന്റെ ഈ ജീവിതശൈലി പുതിയ തലമുറയ്ക്ക് പ്രചോദനമാണ്.