അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി നഴ്‌സ് രഞ്ജിത ജി. നായരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കാസർകോട് വെള്ളരികുണ്ട് താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. പവിത്രന്റെ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
ദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ജി. നായരെയാണ് പവിത്രൻ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത, കേരളത്തിലെ സർക്കാർ സർവീസിൽ തിരികെ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാട്ടിലെത്തിയതായിരുന്നു. ലണ്ടനിലേക്ക് മടങ്ങുന്ന വഴിക്കാണ് വിമാന അപകടത്തിൽപ്പെട്ടത്. അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന രഞ്ജിതയുടെ കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കാനുള്ള സ്വപ്നം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
പവിത്രന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടയുടൻ റവന്യൂ മന്ത്രി കെ. രാജൻ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതി സ്പർധ വളർത്താൻ ശ്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഹോസ്ദുർഗ് പോലീസ് പവിത്രനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്.
നേരത്തെയും സമാനമായ ആരോപണങ്ങളിൽ പവിത്രനെതിരെ നടപടികൾ ഉണ്ടായിട്ടുണ്ട്. മുൻമന്ത്രിയും എംഎൽഎയുമായ ഇ. ചന്ദ്രശേഖരനെതിരെ ജാതീയ അധിക്ഷേപം നടത്തിയതിന് 2024 സെപ്റ്റംബറിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സസ്പെൻഷൻ ഒരു മാസം മുമ്പാണ് പിൻവലിച്ചത്. പവിത്രൻ സർക്കാരിനും വകുപ്പിനും നിരന്തരം മാനക്കേടുണ്ടാക്കുകയാണെന്നും സർക്കാർ സർവീസിൽ തുടരാൻ അർഹനല്ലെന്നും കാട്ടിയാണ് കളക്ടർ പിരിച്ചുവിടൽ ശുപാർശ നൽകിയത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പവിത്രനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.