By: Benyamin Benny – 10 June 2025
അരാഷ്ട്രീയ കഴുതകൾ സങ്കടം കരഞ്ഞു തീർക്കട്ടെ
എഴുത്തുകാർ ദന്തഗോപുരവാസികളായിരിക്കണം എന്ന ഉറച്ച ജന്മിത്തബോധത്തിൽ നിന്നാണ് അവർ രാഷ്‌ട്രീയം പറയാൻ പാടില്ല, വോട്ട് ചോദിക്കാനോ, ഇലക്ഷൻ നടക്കുന്ന മണ്ഡലത്തിൽ പ്രവേശിക്കാനോ പാടില്ല എന്ന ചില തിട്ടൂരങ്ങൾ പുറത്തു വരുന്നത്.
സാധാരണ ജനങ്ങൾ ചെയ്യുന്നതെല്ലാം തങ്ങൾക്ക് അന്യമാണെന്ന ഗർവ്വ് ഇക്കൂട്ടരെ ഭരിക്കുന്നു. തങ്ങൾ അവർക്കെല്ലാം മേലേ എന്തോ സ്ഥാനം വഹിക്കുന്നു എന്നു സ്വയം അഹങ്കരിക്കുന്നു. ചങ്ങലയിട്ട കണ്ണടയിലൂടെ ഒളിഞ്ഞു നോക്കി സർവ്വരെയും പുച്ഛിക്കുന്നു.
നിഷ്‌പക്ഷർ എന്ന് മേനിനടിക്കുന്ന ഈ പുങ്കവന്മാർ എന്നെങ്കിലും ഏതെങ്കിലും ഒരു വിഷയത്തിൽ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ സ്വന്തം കാര്യസാധ്യത്തിനു വേണ്ടി അപ്പുറവും ഇപ്പുറവും എപ്പുറവും നിൽക്കാൻ ഇവന്മാരെക്കാൾ കേമന്മാർ വേറെയുണ്ടാവില്ല. അവരെപ്പോലെ തന്നെ മറ്റു മനുഷ്യരും ചെയ്യുന്ന പ്രവർത്തികൾ എല്ലാം കാര്യസാധ്യത്തിനു വേണ്ടി മാത്രമാണെന്ന് അവർ വിചാരിക്കുന്നു. അവരുടെ സർഗ്ഗാത്മ ശൂന്യത നിറഞ്ഞ പൊട്ടരചനകൾക്ക് അംഗീകാരങ്ങളും സ്വീകാര്യതയും കിട്ടാത്തത് ഏതോ അജ്ഞാതശക്തികൾ തടയിടുന്നതുകൊണ്ടാണെന്ന് അവർ സ്വയം കരുതുന്നു. മികവുള്ളവർക്ക് സ്വീകാര്യത കിട്ടുന്നത് ‘ദാസ്യം’ കൊണ്ടാണെന്ന് അവർ സ്വയം സമാശ്വസിക്കുന്നു. തരം കിട്ടുമ്പോൾ ഉള്ളിലെ വിഷം പുറത്തിറങ്ങി തുപ്പുന്നു.
എഴുത്തുകാർ സാധാരണ പൗരന്മാരാണ്. അവർക്ക് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അനുവദിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളുമുണ്ട്. അവർ രാഷ്ട്രീയം പറയും. വോട്ട് ചെയ്യും. വോട്ട് ചോദിക്കും. അതിന്റെ പേരിൽ പോയ്‌പ്പോകുമെന്ന് കരുതുന്ന വായനക്കാർ പോയ്ക്കോട്ടെ എന്ന് വയ്ക്കും. അതിനു കെല്പില്ലാത്ത അരാഷ്ട്രീയ കഴുതകൾ തങ്ങളുടെ സങ്കടം കരഞ്ഞു കരഞ്ഞു കരഞ്ഞു തീർക്കട്ടെ.
Disclaimer:
Opinion വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അതത് രചയിതാക്കളുടെ മാത്രം അഭിപ്രായങ്ങളാണ്. അവ നവവാണി.കോമിന്റെയോ മാനേജ്മെന്റിന്റെയോ കാഴ്ചപ്പാടുകളെയോ നിലപാടുകളെയോ എഡിറ്റോറിയൽ നയങ്ങളെയോ പ്രതിഫലിപ്പിക്കുന്നതല്ല. വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് വേദി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഈ ലേഖനങ്ങളിൽ അവതരിപ്പിക്കുന്ന അഭിപ്രായങ്ങളെ അംഗീകരിക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നതല്ല.