കെനിയയിലെ ന്യാൻഡാരുവ പ്രവിശ്യയിലുണ്ടായ ബസ് അപകടത്തിൽ ആറ് ഇന്ത്യൻ പൗരന്മാർ മരിച്ചു. മരിച്ചവരിൽ അഞ്ചുപേർ മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.
ന്യാഹുരുരു ടൗണിൽ നിന്ന് ഏകദേശം 41 കിലോമീറ്റർ തെക്ക് ഗിച്ചാക്ക എന്ന സ്ഥലത്താണ് അപകടമുണ്ടായത്. നകുരു പ്രവിശ്യയിൽ നിന്ന് ന്യാഹുരുരു തോംസൺ വെള്ളച്ചാട്ടം ലക്ഷ്യമാക്കി പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് നൂറ് മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മലകളും കുത്തനെയുള്ള റോഡുകളുമുള്ള ഈ പ്രദേശത്ത് വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
മരിച്ച മലയാളികളിൽ തിരുവല്ല സ്വദേശിനി ഗീതാ ഷോജി ഐസക് (58), ജെസ്ന (29), ഒറ്റപ്പാലം സ്വദേശിനി റിയാ ആൻ (41), ടൈറ റോഡ്രിഗസ് (8), ഒന്നര വയസ്സുകാരി റൂഹി മെഹറിൽ മുഹമ്മദ് എന്നിവർ ഉൾപ്പെടുന്നു. പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട സംഘത്തിൽ മലയാളികൾ, കർണാടക സ്വദേശികൾ, ഗോവ സ്വദേശികൾ എന്നിവരുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
അപകടവിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ബസിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നുപോയ നിലയിലായിരുന്നു. സംഭവത്തെക്കുറിച്ച് കെനിയൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവധി ആഘോഷിക്കാൻ ജൂൺ ആറിനാണ് ഈ സംഘം കെനിയയിലേക്ക് പുറപ്പെട്ടത്. നാളെ ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. കെനിയൻ അധികൃതരും ഇന്ത്യൻ എംബസിയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.