Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

കേരള തീരത്ത് ചരക്കുകപ്പൽ തീ. 50 കണ്ടെയ്‌നറുകൾ കടലിൽ; നാല് ജീവനക്കാരെ കാണാതായി

127

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ പതാകവാഹക ചരക്കുകപ്പലായ ‘വാൻ ഹായ് 503’ ന് കേരള തീരത്തിനടുത്ത് തീപിടിക്കുകയും തുടർന്നുണ്ടായ സ്ഫോടനത്തിൽ അൻപതോളം കണ്ടെയ്‌നറുകൾ കടലിൽ വീഴുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 10:30 ഓടെ കോഴിക്കോട് ബേപ്പൂരിൽ നിന്ന് ഏകദേശം 70-78 നോട്ടിക്കൽ മൈൽ (ഏകദേശം 129-144 കി.മീ) അകലെ അറബിക്കടലിലാണ് സംഭവം. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ നാല് പേരെ കാണാതായിട്ടുണ്ട്.

കപ്പലിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 18 ജീവനക്കാർ കടലിലേക്ക് ചാടുകയായിരുന്നു. ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നേവിയും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി. പരിക്കേറ്റ ചിലരെ സമീപത്തുണ്ടായിരുന്ന കപ്പലുകളിലേക്ക് മാറ്റി. കാണാതായ രണ്ട് തായ്‌വാനീസ്, ഒരു ഇന്തോനേഷ്യൻ, ഒരു മ്യാൻമർ പൗരന്മാർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. രാസവസ്തുക്കൾ ഉൾപ്പെടെയുള്ള ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നത് എന്നത് പരിസ്ഥിതി ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.

സംഭവസ്ഥലത്തേക്ക് ഇന്ത്യൻ നേവി ഐഎൻഎസ് സൂറത്ത് എന്ന യുദ്ധക്കപ്പൽ അയക്കുകയും, കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ നിന്ന് ഡോർണിയർ വിമാനം നിരീക്ഷണത്തിനായി പുറപ്പെടുകയും ചെയ്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനങ്ങൾക്കായി നിരവധി കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ആശുപത്രികൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

സ്ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കപ്പൽ നിലവിൽ അപകടാവസ്ഥയിൽ കടലിൽ ഒഴുകി നടക്കുകയാണ്. കേരള തീരത്ത് രണ്ടാഴ്ചക്കിടെയുണ്ടാകുന്ന രണ്ടാമത്തെ കപ്പൽ അപകടമാണിത്. കഴിഞ്ഞ മാസം 25-ന് ആലപ്പുഴ തീരത്ത് ലൈബീരിയൻ പതാകവാഹക ചരക്ക് കപ്പലായ എംഎസ്സി എൽസ 3 മുങ്ങിയിരുന്നു. ഈ അപകടവും പരിസ്ഥിതിക്ക് ഭീഷണിയുയർത്തിയിരുന്നു.