മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടികകൾ പ്രസിദ്ധീകരിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസി) തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതൊരു നല്ല തുടക്കമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വോട്ടർ പട്ടികകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നതിനുള്ള കൃത്യമായ തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
2009 മുതൽ 2024 വരെയുള്ള മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളിലെ വോട്ടർ വിവരങ്ങൾ പങ്കുവെക്കാനുള്ള ഇസിയുടെ തീരുമാനത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഈ വിവരങ്ങൾ ഡിജിറ്റൽ, മെഷീൻ റീഡബിൾ ഫോർമാറ്റിൽ എപ്പോൾ ലഭിക്കുമെന്നാണ് അദ്ദേഹം പ്രധാനമായും ഉന്നയിച്ചത്. നേരത്തെ, 2024 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ഘട്ടം ഘട്ടമായുള്ള കൃത്രിമം’ നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇലക്ഷൻ കമ്മീഷൻ ഈ ആരോപണങ്ങളെ “തികച്ചും അസംബന്ധം” എന്ന് വിശേഷിപ്പിച്ച് തള്ളിക്കളയുകയായിരുന്നു.
വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ചേർത്തുവെന്നും, വോട്ടിംഗ് ശതമാനം പെരുപ്പിച്ചുകാട്ടിയെന്നും, തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനങ്ങളിൽ ക്രമക്കേട് നടന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. എന്നാൽ, പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നതെന്നും, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുകയും, അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അടുത്തിടെ, രാഹുൽ ഗാന്ധി തന്റെ ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാൻ ഇലക്ഷൻ കമ്മീഷനെ വെല്ലുവിളിച്ചിരുന്നു. എന്നാൽ, തങ്ങൾക്ക് നേരിട്ട് കത്തെഴുതിയാൽ മാത്രമേ ഔദ്യോഗികമായി പ്രതികരിക്കുകയുള്ളൂവെന്ന് ഇസി വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ഈ സംവാദം രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.