ചരിത്രമെഴുതി ആർ.സി.ബിക്ക് കന്നി ഐ.പി.എൽ കിരീടം. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ.) 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി) തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചു. ആവേശകരമായ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയാണ് ആർ.സി.ബി. തങ്ങളുടെ ആരാധകരുടെ സ്വപ്നം സഫലമാക്കിയത്.
കിരീടനേട്ടത്തിന് പിന്നാലെ ടീം ഹോട്ടലിൽ നടന്ന ആഘോഷത്തിൽ ആർ.സി.ബി. താരങ്ങൾ ആവേശത്തിൽ ആറാടി. ടീമിന്റെ നെടുംതൂണായ വിരാട് കോഹ്ലിയും നായകൻ രജത് പാട്ടീദാറും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ഡ്രംസ് ടീമിന്റെ താളത്തിനൊപ്പം നൃത്തം ചെയ്യുന്ന കോഹ്ലിയുടെയും പാട്ടീദാറിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ 190 റൺസ് വിജയലക്ഷ്യം പ്രതിരോധിച്ച് ആറ് റൺസിനാണ് ആർ.സി.ബി. വിജയം നേടിയത്. വിജയത്തിനു പിന്നാലെ വികാരഭരിതനായി മുട്ടുകുത്തിയിരുന്ന കോഹ്ലിയുടെ ദൃശ്യങ്ങൾ ആരാധകരുടെ ഹൃദയം കവർന്നു. ടീം ബസ് ഹോട്ടലിലെത്തിയപ്പോൾ നൃത്തം ചെയ്തെത്തിയവരെ കണ്ട് ആവേശഭരിതനായ കോഹ്ലി തോളുയർത്തി കൈകൾ വീശി നൃത്തം ചെയ്തു. ക്യാപ്റ്റൻ രജത് പാട്ടീദാർ നർത്തകർക്കൊപ്പം ചേർന്ന് താളം പിടിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു.
വർഷങ്ങളായി ട്രോളുകൾക്ക് വിഷയമായിരുന്ന ആർ.സി.ബി. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ടീം നേടിയ ഈ കിരീടം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറും.
Tears. Roars. Jubilation 🥹
— IndianPremierLeague (@IPL) June 3, 2025
The emotions of #RCB were raw, real, and 1⃣8⃣ years in the making ❤️#TATAIPL | #RCBvPBKS | #Final | #TheLastMile | @RCBTweets pic.twitter.com/fXVTbfCZFp