ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ 1,435 സജീവ കേസുകളും മഹാരാഷ്ട്രയിൽ 506 കേസുകളും ഡൽഹിയിൽ 483 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 203 പുതിയ കോവിഡ് കേസുകൾ കണ്ടെത്തുകയും ഡൽഹി, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോ മരണം വീതം നാല് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. ഈ വർഷം ജനുവരി ഒന്ന് മുതൽ ഇതുവരെ 32 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
പുതിയ ഓമിക്രോൺ ഉപവകഭേദങ്ങളായ LF.7, XFG, JN.1, NB.1.8.1 എന്നിവയാണ് നിലവിലെ വർദ്ധനവിന് കാരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ വകഭേദങ്ങൾക്ക് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെഹ്ൽ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ഭൂരിഭാഗം കേസുകളും നേരിയ തോതിലുള്ളതാണെന്നും വീട്ടിൽ തന്നെ ചികിത്സ നൽകി ഭേദമാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും വ്യക്തിശുചിത്വം പാലിക്കാനും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പുകൾ ആശുപത്രി സൗകര്യങ്ങൾ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിച്ച് വരികയാണ്.