ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഹെയ്‌സൽ സ്റ്റേഡിയം ദുരന്തത്തിന് ഇന്ന് 40 വർഷം തികയുന്നു. 1985 മെയ് 29-ന് ബ്രസൽസിലെ ഹെയ്‌സൽ സ്റ്റേഡിയത്തിൽ ലിവർപൂളും യുവന്റസും തമ്മിൽ നടന്ന യൂറോപ്യൻ കപ്പ് ഫൈനലിനിടെയുണ്ടായ ദുരന്തം ഫുട്ബോൾ ചരിത്രത്തിലെ കറുത്ത അധ്യായമായി ഇന്നും നിലനിൽക്കുന്നു.
അന്ന് സംഭവിച്ച സംഘർഷങ്ങളിൽ 39 പേർക്ക് ജീവൻ നഷ്ടപ്പെടുകയും അറുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും സ്റ്റേഡിയം ഭിത്തി തകർന്നതുമാണ് ദുരന്തത്തിന് വഴിവെച്ചത്. ഈ ദാരുണമായ സംഭവം ഉണ്ടായിട്ടും മത്സരം തുടർന്നു, ഒടുവിൽ യുവന്റസ് 1-0 ന് വിജയിക്കുകയും ചെയ്തു.
ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മയ്ക്കായി ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ ‘ഫോറെവർ ബൗണ്ട്’ എന്ന പേരിൽ ഒരു സ്മാരകം അനാച്ഛാദനം ചെയ്തിട്ടുണ്ട്. ഫോർ എവർ ബൗണ്ട്’ എന്ന വാക്കിനർഥം മരണത്തിനപ്പുറം, കാലത്തെയും ദൂരത്തെയും ഓർമകളെയും അതിജീവിക്കുന്ന ബന്ധമെന്നാണ്. ഈ ഓർമ്മപ്പെടുത്തൽ, ഫുട്ബോൾ മൈതാനങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുടെ പ്രതീകമായി തുടരുന്നു. 40 വർഷങ്ങൾക്കിപ്പുറവും ഹെയ്‌സൽ ദുരന്തം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഒരു നോവായി അവശേഷിക്കുന്നു.