സ്മാർട്ട് ഫാമിങിന്റെ ഭാഗമായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവത്തിൽ കാർഷികവികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പുതുക്കാട്ടൻപത് പാടശേഖരത്തിൽ നടീൽ യന്ത്രം ഉപയോഗിച്ച് ഞാറ് നട്ട് ഉദ്ഘാടനം നിർവഹിച്ചു.
മാനവ ശ്രമം കുറച്ച് കൂടുതൽ ഉൽപ്പാദനം ലക്ഷ്യമിടുന്ന സ്മാർട്ട് ഫാമിങിന് സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. ഡ്രോൺ, സെൻസർ, യന്ത്രങ്ങൾ എന്നിവയുടെ ഉപയോഗം കൃഷിയിൽ ചെലവ് കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നു. ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതയ്ക്കുമ്പോൾ 40 ശതമാനം വരെ വിത്ത് ലാഭിക്കാമെന്ന് അനുഭവസ്ഥർ പറയുന്നു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ മില്ലുകാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ നെല്ല് സംഭരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ധനവകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചു. നാലായിരത്തിലധികം മൂല്യവർധിത ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ, മറ്റ് ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.