കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി നഴ്സിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവർ കണ്ണൂർ സ്വദേശി സൂരജ്, കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്സും, എറണാകുളം സ്വദേശി ബിൻസി, പ്രതിരോധ മന്ത്രാലയത്തിലെ നഴ്സുമാണ്.
ഇവരുടെ മൃതദേഹങ്ങൾ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തി. ഇരുവരുടെയും കൈകളിൽ കത്തിയുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫ്ലാറ്റിലെ അയൽവാസികൾ രാവിലെ ഇവർ തമ്മിൽ വാക്കേറ്റം നടക്കുന്ന ശബ്ദം കേട്ടതായി പറയുന്നു.
ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ എത്തി പരിശോധിച്ചപ്പോൾ, ഇരുവരും മരിച്ച നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിൽ, ഇരുവരും പരസ്പരം കുത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ദമ്പതികളുടെ മക്കൾ നാട്ടിലാണ്. കഴിഞ്ഞ ദിവസം മക്കളെ നാട്ടിലാക്കിയ ശേഷം ഇവർ കുവൈത്തിലേക്ക് മടങ്ങിയിരുന്നു. ഓസ്ട്രേലിയയിലേക്ക് കുടിയേറാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം നടന്നത്.